കരുതൽ സിനിമയ്ക്ക് കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ്
ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്ത് മുരളിയെ നായകനാക്കി നവാഗതനായ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് രചനയും സംവിധാനവും നിർവഹിച്ച കരുതലിന് സാമൂഹിക പ്രസക്തിയുള്ള ഏറ്റവും മികച്ച ചിത്രത്തിനുള്ള കേരളാ ഫിലിം ക്രിട്ടിക്സിന്റെ 2025 ലെ അവാർഡ്.
പ്രഥമ സംവിധാന സംരംഭത്തിലൂടെ മലയാള സിനിമയിൽ സ്വന്തം മേൽവിലാസം എഴുതിച്ചേർത്തിരിക്കുന്ന ജോമി ജോസിന് ഈ അംഗീകാരത്തിളക്കം വിലമതിക്കാനാവാത്തതാണ്.
കഴിഞ്ഞ ഫെബ്രുവരി ആറിനാണ് കേരളത്തിന് പുറമെ യുഎസ്, അയർലൻഡ് എന്നിവിടങ്ങളിലായി ചിത്രം പ്രദർശനത്തിനെത്തിയത്. കേരളത്തിലെ വിവിധ പ്രദേശങ്ങൾ കൂടാതെ അമേരിക്ക, അയർലൻഡ് എന്നീ രാജ്യങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
സമകാലിക സംഭവങ്ങളെ കോർത്തിണക്കിയ കരുതൽ ആഖ്യാനത്തിലെയും അവതരണത്തിലെയും പുതുമ കൊണ്ട് ആരാധകരുടെ ആദരവ് നേടുമ്പോഴും തന്റെ പ്രഥമ സംവിധാന സംരംഭത്തിന് തന്നെ ഇത്ര വലിയൊരു അവാർഡ് ലഭിച്ചതിന്റെ ആഹ്ലാദം സംവിധായകനായ ജോമി ജോസ് മറച്ചുവെയ്ക്കുന്നില്ല.
ഹ്രസ്വചിത്രങ്ങൾ ചെയ്തുണ്ടാക്കിയ അനുഭവസമ്പത്ത് മാത്രം കൈമുതലായുള്ള ജോമിക്ക് സ്വന്തം സുഹൃത്തുക്കളും വീട്ടുകാരും നൽകിയ ധൈര്യമാണ് കരുതൽ സിനിമ ചെയ്യാൻ കരുത്ത് പകർന്നത്.
ജീവിതസായാഹ്നത്തിൽ അച്ഛനമ്മമാർ മക്കളുടെ സാന്നിധ്യം കൊതിക്കുന്നതിലെ വേദന തിരിച്ചറിഞ്ഞതായിരുന്നു ചിത്രം ചെയ്യാൻ തനിക്ക് പ്രേരണയായതെന്നും തുടക്കക്കാരനായ ജോമി പറയുന്നു.
പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് തിരക്കഥ, സംഭാഷണം കാമറ എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത്. നായകൻ പ്രശാന്ത് മുരളിയെക്കൂടാതെ കോട്ടയം രമേശ്, സിബി തോമസ്, സുനിൽ സുഖദ, ഐശ്വര്യ നന്ദൻ, സ്റ്റീഫൻ ചെട്ടിക്കൻ, റോബിൻ സ്റ്റീഫൻ, മോളി പയസ്, ഷീജോ പഴയമ്പള്ളിൽ, ആർജെ സുരാജ്, ജോ സ്റ്റീഫൻ, മാത്യു മാപ്പിളേട്ട്, ജോസ് കൈപ്പാറേട്ട്, ടോമി ജോസഫ്, റിജേഷ് , അനിൽ ചേരിയിൽ, വിനോദ് ചേരിയിൽ, ജിസ്ന ബാസ്റ്റിൻ, ഷെറിൻ സാം, രസ്മി തോമസ്, ശാന്തമ്മ ഫിലിപ്പ്, സ്മിത ലൂക്ക്, ബിജിമോൾ സണ്ണി, നയന മിഥുൻ, സരിത തോമസ്, അൻവി റെജി, ദിയ, തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
എഡിറ്റിംഗ് – സന്ദീപ്, ബിജിഎം – അനിറ്റ് പി. ജോയ്, സംഗീത സംവിധായകൻ- ജോൺസൺ മങ്ങഴ, ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്മിസ് എന്നിവരുടെ വരികൾക്ക് പ്രസീത ചാലക്കുടി, കെസ്റ്റർ, പ്രദീപ് പള്ളുരുത്തി, ബിന്ദുജ പ്രേം, സ്മിസ് എന്നിവരാണ് പാടിയിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സഞ്ജു സൈമൺ മാക്കിൽ, കോ-പ്രൊഡ്യൂസഴ്സ്- മാത്യു മാപ്പിളേട്ട്, ശാലിൻ ഷീജോ കുര്യൻ പഴയംപള്ളിയിൽ, ടോമി ജോസഫ്, ജോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ- സ്റ്റീഫൻ ചെട്ടിക്കൻ, കല സംവിധാനം- റോബിൻ സ്റ്റീഫൻ, കോ-ഓർഡിനേറ്റർ- ബൈലോൺ എബ്രഹാം, ചമയം- പുനലൂർ രവി & അനൂപ്, മ്യൂസിക് പ്രൊഡക്ഷൻ- റോഷൻ മാത്യു, പിആർഒ- എ.സ്. ദിനേശ്, ഡിജിറ്റൽ പിആർഒ- മനു ശിവൻ. ഉടൻ തന്നെ ചിത്രം ഒടിടിയിലും റിലീസ് ആകുമെന്ന് കരുതലിന്റെ അണിയറപ്രവർത്തകർ അറിയിച്ചു














