മലമുകളിലെ ചെറുനാരക കൃഷി
കാട്ടുമൃഗശല്യവും റബർ കൃഷിയിലെ അനിശ്ചിതത്വവും പ്രതിസന്ധികളായപ്പോൾ പരന്പരാഗത വിളകൾ ഉപേക്ഷിച്ച് പുതുകൃഷിയിൽ പരീക്ഷണം നടത്തുകയാണ് പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരി പട്ടേംപ്പാടം മുല്ലമംഗലം ബേബി എന്ന കർഷകൻ.
കോട്ടേകുളം പൂതനക്കയം മലഞ്ചെരിവിലാണ് ബേബിയുടെ ചെറുനാരക കൃഷി. മലമുകളിൽ കവുങ്ങ് കൃഷി തന്നെ പുതുമയുള്ളതാണ്. ഇതിനൊപ്പമാണ് ചെറുനാരകത്തെ പരിഗണിച്ചിട്ടുള്ളത്. മൂന്ന് ഏക്കറിലുണ്ടായിരുന്ന റബർ മരങ്ങൾ മുറിച്ചു മാറ്റിയാണ് കവുങ്ങും നാരക കൃഷിയും.
ഇതിനായി നാടൻ തൈകൾക്കു പുറമെ ആന്ധ്രയിൽനിന്നും ഹൈബ്രീഡ് ഇനത്തിൽപ്പെട്ട 300 ബഡ് നാരകതൈ എത്തിച്ചാണ് കൃഷി ചെയ്തിട്ടുള്ളത്. തൈകൾക്ക് ഒരു വർഷമാകും മുന്പെ പൂവിട്ട് കായ്ക്കാൻ തുടങ്ങി.
ചെടിയുടെ വളർച്ചയും കരുത്തും കാണുന്പോൾ അടുത്ത സീസണോടെ വില്പനക്കായി കൂടുതൽ നാരങ്ങ വിളയുമെന്നാണ് ബേബിയുടെ പ്രതീക്ഷ. ഇനവും പരിചരണവും നന്നാകുന്പോൾ വിളവിലും കുറവു വരാനിടയില്ല.
തൈകൾക്ക് നാലു വർഷമാകുമ്പോൾ ഒരു തൈയിൽനിന്നുതന്നെ ഒരു സീസണിൽ 15 കിലോ വരെ നാരങ്ങ കിട്ടുമെന്നാണ് കണക്ക്. പ്രായപൂർത്തിയാകുന്നതോടെ ഒരു നാരക മരത്തിൽനിന്ന് എണ്പത് മുതൽ നൂറ് കിലോ വരെയാകും വിളവ്.
ചെറിയ തോതിൽ വിളവ് തുടങ്ങിയപ്പോൾ തന്നെ ആവശ്യക്കാരുടെ ബഹളമാണെന്ന് ബേബി പറയുന്നു. എത്രയുണ്ടായാലും ഒന്നിച്ച് എടുക്കാമെന്ന് പറഞ്ഞ് വാക്ക് ഉറപ്പിച്ച് പോകുന്നവരുമുണ്ട്.
ഇക്കുറി പാലക്കാട്ടെ വേനൽ ചൂട് പുതിയ റെക്കോർഡുകളിലേക്കെത്തിയതിനാൽ ചെറുനാരങ്ങ വില കിലോക്ക് 250 രൂപയും കടന്ന് കുതിച്ചു. തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ ചെറുനാരങ്ങ മാർക്കറ്റിലെത്തുന്നത്.
നാട്ടിൽ തന്നെ നാരങ്ങ കിട്ടുമെന്നായാൽ ഡിമാൻഡും കൂടുമെന്ന് പത്രപ്രവർത്തനം, സ്കൂൾ മാനേജ്മെന്റ്, പശുവളർത്തൽ ഉൾപ്പെടെ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ള 71 വയസുള്ള ബേബി പറയുന്നു. ഒരുപക്ഷേ, വർഷം മുഴുവൻ ഡിമാൻഡുള്ള വിളകളിലൊന്നാണ് ചെറുനാരങ്ങ.
നാരങ്ങ അച്ചാറില്ലാതെ സദ്യയുണ്ടോ? മഴക്കാലത്ത് നല്ല അച്ചാറു മാത്രം മതി ചോറുണ്ണാൻ. ഹോട്ടലുകളിലേക്ക് ഏതു കാലത്തും ആവശ്യമുണ്ട് ചെറുനാരങ്ങ. അങ്ങനെ വിപണിയും ആവശ്യകതയും പഠിച്ചാണ് ബേബിയുടെ കൃഷികളിലെ ചുവടുവയ്പ്പുകൾ.
വ്യവസായികാടിസ്ഥാനത്തിൽ ഇത്രയും വിപുലമായ തോതിൽ ചെറുനാരക കൃഷി നടത്തുന്ന ജില്ലയിലെ കർഷകരിൽ പ്രധാനിയാകും ബേബി. കാട്ടുമൃഗശല്യമില്ല എന്നതാണ് നാരകകൃഷിയുടെ ഹൈലൈറ്റ് എന്ന് ബേബി പറയുന്നു.
പകലന്തിയാവോളം പണിയെടുത്തുണ്ടാക്കുന്ന കൃഷി രാത്രിയായാൽ കാട്ടുമൃഗങ്ങളിറങ്ങി നശിപ്പിക്കുമെന്ന ആശങ്കയില്ലാതെ അന്തിയുറങ്ങാമെന്ന് ബേബി പറയുന്നു. പിറ്റേന്ന് കൃഷിയിടത്തിലെത്തിയാലും വിളകൾ അതേപ്പടിയുണ്ടാകും.
ഡ്രിപ്പ് ഇറിഗേഷനിലൂടെയാണ് ജലസേചനം. വലിയ പരിചരണമില്ലാതെ നാരക തൈകൾ വളർന്ന് പന്തലിക്കും. ബേബിയുടെ നാരകകൃഷി പിന്തുടരുന്ന കർഷകരും ഇപ്പോൾ പ്രദേശത്തുണ്ട്.














