ടെക്നോളജി വാർത്തകൾ

ഉപഭോക്താക്കൾക്കായി ആമസോണിന്റെ ‘എഐ സ്റ്റോർ’; സ്മാർട് ഉപകരണങ്ങൾ സ്വന്തമാക്കാൻ പ്രത്യേക പ്ലാറ്റ്‌ഫോം

എഐ അധിഷ്ഠിത ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്കായി പ്രത്യേക ‘എഐ സ്റ്റോർ’ ആരംഭിച്ച് ആമസോൺ ഇന്ത്യ. സ്മാർട്ഫോണുകൾ, ലാപ്ടോപ്പുകൾ, സ്മാർട് ടിവികൾ, എസികൾ, റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ തുടങ്ങി മികച്ച ബ്രാൻഡുകളുടെ എഐ ഫീച്ചറുകളുള്ള ഉപകരണങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും താരതമ്യം ചെയ്ത് വാങ്ങാനും ഈ പ്ലാറ്റ്‌ഫോം ഉപഭോക്താക്കളെ സഹായിക്കും.

മുൻവർഷത്തേക്കാൾ എഐ ഉപകരണങ്ങൾക്കായുള്ള അന്വേഷണങ്ങളിൽ 60 ശതമാനം വളർച്ചയാണ് ആമസോൺ ഇന്ത്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ തന്നെ ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയുടെ തിരച്ചിലിൽ 80 ശതമാനവും ടിവികളിൽ 40 ശതമാനവും വർധനവുണ്ടായി.

ശ്രദ്ധേയമായ കാര്യം, എഐ ഉപകരണങ്ങൾക്കായുള്ള ആമസോണിലെ തിരച്ചിലുകളിൽ മൂന്നിൽ രണ്ടു ഭാഗവും ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നാണ് എന്നതാണ്. ഇത് ഇന്ത്യയിലുടനീളം സ്മാർട്ട് സാങ്കേതികവിദ്യയോടുള്ള താല്പര്യം വർധിക്കുന്നതിന്റെ സൂചനയാണ്.

ഉപഭോക്താക്കൾക്ക് സങ്കീർണമായ സാങ്കേതിക വിവരങ്ങൾ പരിശോധിക്കാതെ തന്നെ, പൂർണ്ണ ബോധ്യത്തോടെ അനുയോജ്യമായ സ്മാർട്ട് ഉപകരണങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുക എന്നതാണ് എഐ സ്റ്റോർ വഴി ലക്ഷ്യമിടുന്നത്,” ആമസോൺ ഇന്ത്യ കൺസ്യൂമർ ഇലക്ട്രോണിക്സ് ഡയറക്ടർ സെബ ഖാൻ പറഞ്ഞു. ഓരോ ഉപകരണത്തിലുമുള്ള എഐ സാങ്കേതികവിദ്യ എങ്ങനെ ഉപഭോക്താവിന്റെ ജീവിതം കൂടുതൽ എളുപ്പമാക്കുന്നു എന്നതിനെക്കുറിച്ചുള്ള ലളിതമായ വിശദീകരണങ്ങളും സാങ്കേതിക പദപ്രയോഗങ്ങൾ ഒഴിവാക്കി എഐ സ്റ്റോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Posts