ആരോഗ്യം വാർത്തകൾ

കടയിൽ നിന്ന് തണുത്തവെള്ളം വാങ്ങുമ്പോൾ ഒളിഞ്ഞിരിക്കുന്ന അപകടം, വെയിലേറ്റ കുപ്പിവെള്ളം ‘സേഫ്’ അല്ല


ഈ ചുട്ടുപൊള്ളുന്ന വെയിലത്ത് കടയിൽ നിന്ന് കുപ്പിവെള്ളം വാങ്ങിക്കുടിക്കുക സ്വാഭാവികമാണ്. കടകളിൽ ഫ്രിഡിജിൽ വെച്ച് തണുപ്പിച്ച് കിട്ടുന്ന കുപ്പിവെള്ളം ചൂടിനൊരു താൽക്കാലി ആശ്വാസം നൽകിയാലും പിന്നീട് ആരോ​ഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിദ​ഗ്ധരുടെ മുന്നറിയിപ്പ്.
ഈ കുപ്പിവെള്ളം ഫ്രിഡ്ജഡിൽ സൂക്ഷിക്കുന്നതിന് മുൻപ് വെയിൽ കൊള്ളുന്ന രീതിയിൽ സൂക്ഷിക്കുന്നതും അടച്ച വാഹനത്തിലല്ലാതെ കടകളിലേക്ക് വിതരണത്തിനെത്തിക്കുന്നതും ഇവയുടെ ​ഗുണനിലവാരം ഇല്ലാതാക്കും. സൂര്യപ്രകാശം കുപ്പികളിലേക്ക് നേരിട്ടേൽക്കരുതെന്ന് അവയുടെ ലേബലിൽ വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. ദീർഘനേരം വെയിലേറ്റാൽ കടുത്ത ചൂട് പാനീയത്തിലെ പ്രിസർവേറ്റീവുകളുടെ ​ഗുണം കുറയ്ക്കുകയും രാസപരമായ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യും.
കുപ്പിയുടെ പ്ലാസ്റ്റിക്കിന്റെ ഘടനയെത്തന്നെ മാറ്റി പാനീയത്തിലൂടെ മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്താനുള്ള സ്രോതസ്സുകളിലൊന്നായും ഇത് മാറും. ഫ്രൂട്ട് ജ്യൂസ് കുപ്പികൾക്ക് നേരിട്ട് ചൂടേൽക്കുമ്പോൾ പാനീയത്തിലെ ഘടകങ്ങൾ ഓക്സിജനുമായി പ്രതിപ്രവർത്തിക്കുകയും (ഓക്സിഡേഷൻ റിയാക്‌ഷൻ) ഇത് പാനീയത്തിന്റെ നിറം, രുചി, പോഷകമൂല്യം, രാസഘടന എന്നിവയ്ക്ക് മാറ്റമുണ്ടാക്കുകയും ചെയ്യും.
പോളിഎഥലീൻ ടെറസ്താലിൻ(പെറ്റ്), ബിസ്ഫനോൾ എ( ബിപിഎ) എന്നീ സിന്തറ്റിക് രാസവസ്തുക്കൾ ഉപയോഗിച്ചാണ് ശീതളപാനീയങ്ങൾക്കുള്ള പ്ലാസ്റ്റിക് കുപ്പികൾ നിർമ്മിക്കുന്നത്. വെയിലേൽക്കുമ്പോൾ പെറ്റ് കുപ്പിയിലടങ്ങിയിരിക്കുന്ന ആന്റിമണി എന്ന രാസപദാർഥവും ബിസ്ഫനോൾ എന്ന രാസപദാർഥവും വെള്ളത്തിൽ ലയിക്കാൻ സാധ്യതയുണ്ട്. ഇത് ഉണ്ടാവാതിരിക്കാനാണ് വെയിലേൽക്കരുതെന്ന് പറയുന്നത്. ഏറെനേരം വെയിലേറ്റശേഷം ഫ്രി‍‍ഡ്ജിൽ വെച്ച് തണുപ്പിച്ചാലും സംഭവിച്ച രാസമാറ്റം ഇല്ലാതാവില്ല.

Related Posts