ഭരണവിരുദ്ധ വികാരമില്ല; ഭരണത്തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നു: മന്ത്രി കെ.എൻ.ബാലഗോപാൽ
തിരുവനന്തപുരം: കേരളത്തിൽ ജനവിധി ഇടതുമുന്നണിക്ക് അനുകൂലമായിരിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ഭരണവിരുദ്ധ വികാരമില്ല. ഭരണതുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടപ്പിലാക്കിയത് മാതൃകാപരമായ ജനക്ഷേമ പ്രവർത്തനങ്ങളാണ്.
ഈ വികസനത്തുടർച്ചയ്ക്ക് ജനങ്ങൾ അംഗീകാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തിൽ വരുമെന്നും തൂക്കുസഭ പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ യാതൊരുവിധ ഭരണവിരുദ്ധ വികാരവുമില്ല.
ജനങ്ങൾക്ക് വേണ്ടി മാതൃകാപരമായി പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. കേൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കുന്ന സാഹചര്യമുണ്ടായിട്ടും കേരളം എല്ലാ മേഖലയിലും മുന്നോട്ട് പോയി.
കേന്ദ്ര സർക്കാർ സാമ്പത്തികമായി ശ്വാസം മുട്ടിച്ചിട്ടും ക്ഷേമപെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കേരളാ സർക്കാരിന് സാധിച്ചു. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.














