മുത്തിയുരുണ്ടയിൽ ജോസഫുചേട്ടൻ വിത്തിട്ടാൽ പൊന്നുവിളയും
ഇടുക്കി ജലാശയത്തിന്റെ ഭാഗമായ കുളമാവ് ഡാമിന്റെ സമീപത്തുളള മുത്തിയുരുണ്ട ജംഗ്ഷനിൽനിന്ന് ഒന്നര കിലോമീറ്റർ പിന്നിട്ടാൽ ജോസഫ് ആന്റണി തെക്കേക്കുറ്റിന്റെ പച്ചക്കറി കൃഷിയിടമായി. മൂന്നേക്കറോളം വരുന്ന കറുത്ത എക്കൽ മണ്ണിൽ ഈ കർഷകൻ വിളയിച്ചെടുക്കുന്നത് കാർഷിക സമൃദ്ധിയുടെ വിജയഗാഥ.
കോവൽ, വള്ളിപ്പയർ, ചതുരപ്പയർ, തക്കാളി, മാലിമുളക്, പച്ചമുളക്, കോളിഫ്ളവർ, കാബേജ്, പപ്പായ എന്നിവയെല്ലാം നൂറുമേനി വിളവ് നൽകുന്നു.
കുടിയേറ്റ കർഷകൻ
75 വർഷം മുമ്പ് മാതാപിതാക്കളായ ആന്റണി-മറിയക്കുട്ടി ദമ്പതികൾ പൂഞ്ഞാറിൽനിന്ന് ഇടുക്കി ഏഴുകുംവയലിലേക്കും അവിടെനിന്ന് തോപ്രാംകുടിക്ക് സമീപം പ്രകാശിലേക്കും കുടിയേറുകയായിരുന്നു.
35 വർഷം മുമ്പാണ് ജോസഫും കുടുംബവും മുത്തിയുരുണ്ടയിലേക്ക് സ്ഥലം വാങ്ങിയെത്തിയത്. നല്ല മണ്ണ് തേടിയുള്ള യാത്രയായിരുന്നു അത്. കുളമാവിന്റെ തണുപ്പ് നിറഞ്ഞതും മഞ്ഞണിഞ്ഞതുമായ കാലാവസ്ഥയിൽ എന്തു നട്ടാലും തഴച്ചു വളരുമായിരുന്നു.
കോവലും വള്ളിപ്പയറും
ഇരുപതു സെന്റ് സ്ഥലത്ത് 25 വർഷം മുമ്പാണ് ജോസഫ് കൃഷിയാരംഭിച്ചത്. തോപ്രാംകുടിയിൽനിന്ന് കൊണ്ടുവന്ന കോവൽ തണ്ടുകളാണ് നട്ടുപിടിപ്പിച്ചത്. തടമെടുത്താണ് കോവൽത്തണ്ട് നടുന്നത്. വളർന്ന് പടർന്നു കയറുന്നതിന് പന്തൽ സജ്ജമാക്കിയിട്ടുണ്ട്.
75-ഓളം ചുവട് കോവലാണ് പടർന്നു നിൽക്കുന്നത്. ദിവസവും നനച്ചു കൊടുക്കും. കോഴിവളവും ചാണകവുമാണ് നൽകുന്നത്. മേമ്പോടിയായി ഫാക്ടംഫോസും പൊട്ടാഷും ഇട്ടുകൊടുക്കും. രോഗബാധ തടയാൻ ജൈവകീടനാശിനി തളിച്ചു കൊടുക്കും. കിലോയ്ക്ക് 35-45 രൂപയ്ക്കാണ് കോവയ്ക്ക വിൽപന നടത്തുന്നത്.
75 സെന്റ് സ്ഥലത്താണ് വള്ളിപ്പയർ കൃഷി. വയലറ്റ്, പച്ച നിറമുള്ള പയർ 170 ചുവടാണ് കൃഷി ചെയ്തിരിക്കുന്നത്. തൃശൂരിൽ നിന്നാണ് വിത്ത് വാങ്ങിയത്. ലോല, ചേലലോക്കൽ ഇനങ്ങളിലുള്ളതാണ് പച്ചപ്പയർ.
ഏതാനും ചുവട് നീളൻ ചതുരപ്പയറുമുണ്ട്. കിലോയ്ക്ക് 40-45 രൂപക്കാണ് പയർ വിൽക്കുന്നത്. മുത്തിയുരുണ്ടയിൽ കൃഷിഭവൻ നടത്തുന്ന വിപണിയിലാണ് വിൽപന. കൃഷിഭവനിൽനിന്ന് സബ്സിഡി ലഭിക്കുന്നുണ്ട്.














