രാഷ്ട്രീയം വാർത്തകൾ

ഇങ്ങനെയൊക്കെ പറയാമോ നമ്മൾ നാളെയും കാണണ്ടേ?

കേരള നിയമസഭയിൽ നോമിനേറ്റഡ് എംഎൽഎമാരെ ഉൾപ്പെടുത്തി രാജ്യസഭാ മോഡലിൽ അപ്പർ ഹൗസ് രൂപീകരിക്കണം എന്ന് നിയമനിർമ്മാണ സഭകളോട് ആവശ്യപ്പെടുന്നു എന്നുള്ള പ്രമേയമാണ് പതിനാലാം വാർഡ് കൗൺസിലർ അഡ്വ. ബിനു പുളിക്കക്കണ്ടം അവതരിപ്പിച്ചത്. ആറാം വാർഡ് കൗൺസിലർ സെബാസ്റ്റ്യൻ പനക്കൽ അനുവാദകനായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ അംഗീകാരം തേടി വിജയിക്കാൻ പ്രാപ്തിയില്ലാത്ത പ്രമുഖ നേതാക്കളടക്കമുള്ളവരെ നിയമനിർമ്മാണ പ്രക്രിയയുടെ ഭാഗമാക്കുന്ന സംവിധാനമൊരുക്കുവാൻ രാജ്യസഭാ മോഡലിൽ നോമിനേറ്റഡ് എംഎൽഎമാരെ ഉൾപ്പെടുത്തി കേരള നിയമസഭയിലും അപ്പർ ഹൗസ് സംവിധാനം ഒരുക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം.

ഇത്തരം ഒരു സംവിധാനം ഉണ്ടായാൽ ജനങ്ങളുമായി ബന്ധമില്ലാത്ത, എല്ലാ പ്രവർത്തനങ്ങളുടെയും രാഷ്ട്രീയ പിതൃത്വം ഏറ്റെടുക്കുന്ന, മഹാന്മാരായ പിതാക്കന്മാരുടെ പേരിൽ മാത്രം രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ചില അഭിനവ നേതാക്കന്മാർക്ക് നിയമസഭയിൽ എത്തുവാനുള്ള ഏക സാധ്യതയും ഇതു മാത്രമാണ് എന്നായിരുന്നു പ്രമേയത്തിൽ ബിനു അവതരിപ്പിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയം ഏറ്റുവാങ്ങുന്ന ജോസ് കെ മാണിയെ ഉദ്ദേശിച്ചുള്ളതായിരുന്നു പ്രമേയം എന്നത് സുവ്യക്തം. ഇനിയെങ്കിലും മത്സരം നിർത്തൂ ജോസ് കെ മാണിയോട് പറയാതെ പറഞ്ഞുള്ള  ഒളിയമ്പെയ്ത്തായിരുന്നു  പ്രമേയം.  പാസാക്കൽ   ചർച്ചയിൽ പ്രതിപക്ഷ നേതാവിന് പക്ഷേ, വളരെ ദുർബലമായ പ്രതിരോധങ്ങൾ ഉയർത്താൻ സാധിച്ചുള്ളൂ. അപ്രതീക്ഷിതമായ രാഷ്ട്രീയ തിരിച്ചടിയിൽ പതറിയിരിക്കുന്ന കേരള കോൺഗ്രസ് എം അംഗങ്ങൾക്ക് ഇതിനെ  നേരിടാനുള്ള കരുത്തില്ലായിരുന്നു എന്നതാണ് സത്യം.

കഴിവുകൊണ്ട് മാത്രമല്ല ഭാഗ്യം കൊണ്ടു കൂടിയാണ് പലരും ഉന്നത സ്ഥാനങ്ങളിൽ എത്തുന്നത് എന്നും നഗരസഭാ ചെയർപേഴ്സൺ തന്നെ അതിനുദാഹരണമാണ് എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. നിർദ്ദേശത്തെ കുറെയൊക്കെ സ്വാഗതം ചെയ്യാമെങ്കിലും അന്തസത്ത ശരിയല്ല എന്നായിരുന്നു അദ്ദേഹത്തിൻറെ വാദം.എന്നാൽ ഇത് നിയമമായി പാസാക്കണമെങ്കിൽ കേന്ദ്രസർക്കാരിൽ ഭൂരിപക്ഷം വേണമെന്ന ഒരു കുത്തു കൂടി അദ്ദേഹം കോൺഗ്രസ് അംഗങ്ങൾക്ക് നൽകി. കോൺഗ്രസ് കൗൺസിലർ ടോണി തൈപ്പറമ്പിൽ പ്രമേയത്തെ ശക്തമായി സ്വാഗതം ചെയ്തതിനെ തുടർന്നായിരുന്നു കേന്ദ്രത്തിൽ കോൺഗ്രസിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവിന്റെ ഒളിയമ്പ്.

നഗരസഭ കൗൺസിലിൽ സ്വതന്ത്ര കൂട്ടായ്മയ്ക്ക് ഭൂരിപക്ഷ പിന്തുണയുള്ളതുകൊണ്ട് പ്രമേയം പാസാവുകയും ചെയ്തു.

Related Posts