നാടനും വിദേശിയുമായ അറുനൂറിലേറെ ഇനം വാഴകളെ പരിപാലിക്കുന്ന ഒരാൾ കേരളത്തിലുണ്ട്. വാഴച്ചേട്ടൻ എന്ന ഖ്യാതിയിൽ 2015ൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ പാറശാല കൊടിവിളാകം വിനോദ് സഹദേവൻ നായർ.
അച്ഛൻ ടി.സി.ആർ. സഹദേവൻ നായരാണ് വിനോദിനെ കൃഷിയിടത്തിലേക്കിറക്കിയത്. ഏഴാം ക്ലാസിൽ നാടൻ വാഴകൾ നട്ടു തുടങ്ങിയ വിനോദിന് വാഴക്കൃഷി എക്കാലവും ആവേശവും ആദായവുമാണ്.
പുതിയ ഇനം വാഴകളെക്കുറിച്ച് ഓണ്ലൈനിൽ വായിച്ചറിഞ്ഞ് കൃഷിയിടത്തിൽ എത്തിക്കുക മാത്രമല്ല കൈമോശം സംഭവിച്ചു വന്നുകൊണ്ടിരിക്കുന്ന നാടൻ ഇനങ്ങൾ കരുതലോടെ ഇദ്ദേഹം പരിപാലിച്ചു സംരക്ഷിക്കുകയും ചെയ്യുന്നു.
നെൽകൃഷി നിലച്ചു തിരിശു കിടന്ന നാലരയേക്കർ പാടം ഇന്നൊരു വൻ വാഴത്തോട്ടമാണ്. ഓരോ ഇനം വാഴയും ഏത് ഇനം, ഏത് രാജ്യത്തേത്, വിളവു തരാൻ എത്ര കാലം, വാഴക്കുലയുടെ വിശേഷങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും അടങ്ങുന്ന ഡേറ്റ ബുക്കും സ്വന്തം.
എംടെക്കുകാരനും വാഴക്കൃഷിയിൽ തത്പരനുമായ മകൻ അബനീഷാണ് ഡേറ്റാ ബുക്കിന്റെ ചുമതലക്കാരൻ. അച്ഛനെപ്പോലെ വാഴക്കൃഷിയിൽ അപാര അറിവാണ് അബനീഷും പറഞ്ഞുതരിക. ഇത്രത്തോളം ഇന വൈവിധ്യമുള്ള മറ്റൊരു വാഴത്തോപ്പ് വേറെയുണ്ടാവില്ല.
തോട്ടത്തിലെ ഓരോ ഇനം വാഴയെക്കുറിച്ചും ആധികാരികമായി പറയാനുള്ള അറിവനുഭവങ്ങൾ 65കാരനായ വിനോദിനുണ്ട്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു വേണം വാഴ നടാൻ എന്നതാണ് ആദ്യപാഠം.
ചാണകപ്പൊടി, കടലപ്പിണ്ണാക്ക് എന്നിവയ്ക്കൊപ്പം യൂറിയ, പൊട്ടാഷ് എന്നിവയും വളമായി ചേർക്കാം. ഞാലിപ്പൂവൻ, പാളയംകോടൻ കന്നുകൾ അറുത്തു മാറ്റരുതെന്നും തള്ളയെക്കാൾ നല്ല കുല പിള്ളയ്ക്ക് കിട്ടുമെന്നുമാണ് ഇവർ പറയുക.
വാഴത്തോട്ടത്തിൽ കളയും പുല്ലും വളരാൻ അനുവദിക്കണമെന്നാണ് വിനോദിന്റെ പക്ഷം. വലിയ തോതിൽ പുല്ലുവളരുന്പോൾ ചെത്തി വാഴച്ചുവട്ടിൽ വളമാകാൻ ഇടും. പുല്ലുവളർന്നാൽ വാഴച്ചുവട്ടിൽ ഈർപ്പം നിൽക്കുമെന്നും വാഴയ്ക്ക് ഉണക്കൽ ബാധിക്കില്ലെന്നുമാണ് ഇവർ പറയുക.
ബംഗാളിലെ ബോജി മനോഹർ, തായ്ലാൻഡിലെ പിസാൻ നവാക്ക, ഉത്തര കർണാടകയിലെ രാജാപുരി, ഓസ്ട്രേലിയയിലെ ഷുഗർ ബാനൻ, അൾസറിനു മരുന്നായ പൂങ്കള്ളി എന്നിങ്ങനെ പോകുന്നു വിശേഷാൽ ഇനങ്ങൾ.
വാഴ മാത്രമല്ല പച്ചക്കറിയും കോഴിയും താറാവുമൊക്കെ വിനോദിനു വരുമാനമാണ്. ബിഎസ്സി ഫിസിക്സ് പൂർത്തിയാക്കി കുറേക്കാലം സോഫ്റ്റ്വെയർ ബിസിനസ് നടത്തിയെങ്കിലും വാഴ കന്പത്തിൽ മുഴുവൻ സമയ കർഷകനായി.
എൻജിനിയറായ മകനും അച്ഛനൊപ്പം കൃഷിയിൽതന്നെ. പന്ത്രണ്ട് ഇനം വാഴകളിലായിരുന്നു തുടക്കം. പതിറ്റാണ്ടുകളുടെ ശ്രമകരമായ അന്വേഷണത്തിലും യാത്രയിലുമാണ് ഇത്രയും ഇന വൈവിധ്യം സ്വന്തമാക്കിയത്.
ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, ബംഗാൾ, ഒഡിഷ, ആസാം, അരുണാചൽ പ്രദേശ്, മണിപ്പൂർ ഇവിടങ്ങളിലൊക്കെ ട്രെയിനിൽ പോയി വിശേഷാൽ ഇനം വാഴക്കന്നുകൾ ശേഖരിച്ചു.
പലതും കേരളത്തിലെ കാലാവസ്ഥയ്ക്കു പാകമല്ലെങ്കിലും ശ്രദ്ധയോടെ പരിപാലിച്ചു പച്ചപിടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ഹോർട്ടികൾച്ചർ, കൃഷി വകുപ്പ്, ഗവേഷണ സ്ഥാപനങ്ങൾ, കൃഷിവിജ്ഞാന കേന്ദ്രങ്ങൾ, ഫാമുകൾ എന്നിവിടങ്ങളിൽനിന്നു കന്നുകൾ സ്വന്തമാക്കി.
വാഴവിത്തുകൾ തേടിയുള്ള ഓരോ യാത്രയും ഏറെ സഹനങ്ങളും ദുരിതങ്ങളും നിറഞ്ഞതായിരുന്നു. തെക്കൻ ജില്ലകളിൽ മുൻപു സമൃദ്ധമായിരുന്ന തിരുവനന്തപുരം വാഴ കണ്ടെത്തിയത് കർണാടകയിലെ ഒരു ഫാമിൽ നിന്നാണ്.
നാലാം മാസം കുലയ്ക്കുന്ന സിവി റോസ് ഫിലിപ്പീൻസിൽ നിന്നുള്ളതാണ്. അഗസ്ത്യാർകൂടത്തിൽനിന്നു കിട്ടിയതാണ് ഒറ്റമുംഗിലിയും കിളിച്ചുണ്ടനും. ആയിരം കാ പൂവൻ എന്ന ഇനം വാഴക്കുലയ്ക്കു മോഹവിലയാണ്.
ആഫ്രിക്കൻ ഏത്തവാഴയായ ബിഗ് യബാംഗ, സാൻസിബാർ എന്നിവയും കാഴ്ചയാണ്. ഗോത്തിയ എന്ന ഇനം കുലയ്ക്ക് ഒരു പടല മാത്രമേയുണ്ടാകൂ. എട്ടോ പത്തോ കായ്കളുമായി പൂ കണക്കെ ഒറ്റ പടല കുല കാണാൻ ഏറെ രസം.
ഉത്തര കർണാടകയിലെ രാജാപുരി, കന്യാകുമാരിയിലെ മട്ടി, പഴനി ക്ഷേത്രത്തിൽ പൂജകൾക്ക് ഉപയോഗിക്കുന്ന വിരുപാക്ഷി, തമിഴ്നാട് നാമക്കല്ലിലെ കോരിമലകളിലുള്ള മനോരഞ്ജിതം, ശ്രീലങ്കൻ പാളയംകോടൻ, പഴത്തിനു നീല നിറമുള്ള ഐസ്ക്രീം ബനാന, ത്രിപുരയിലെ പൂവൻ പഴമായ സബായി, തായ്ലാൻഡിൽ നിന്നുള്ള പിസാൻ അവാക്ക, നീല നിറത്തിലുള്ള പഴം തരുന്ന സാന്പാൾ നെയ് വർണൻ, ബംഗാളിലെ ബോജി മനോഹർ, കുലയ്ക്കാൻ രണ്ടര വർഷം വേണ്ടിവരുന്ന നമ്മ റോയ്, അസമിലെ ബോർ ചന്പ, ഇറച്ചി വാഴ, ബാരാ ബംഗ്ല എന്ന ബംഗാളി കറിക്കായ, തേൻ മധുരമുള്ള ഇനം 2390 എന്നിങ്ങനെ നീളുന്നു വാഴ വൈവിധ്യം.
കാർഷിക സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും വികസിപ്പിച്ചെടുത്ത നിരവധി ഇനങ്ങൾ അദ്ദേഹത്തിനുണ്ട്. കർണാടകയിലെ ചെറ്റ്ലി ഹോർട്ടിക്കൾച്ചറൽ സ്റ്റേഷൻ, തൃശിനാപ്പള്ളിയിലെ ദേശീയ വാഴ ഗവേഷണകേന്ദ്രം എന്നിവടങ്ങളിൽനിന്ന് വലിയ സഹകരണം ലഭിച്ചിട്ടുണ്ട്.
കേരളത്തിന്റെ തനതു വാഴകൾ എവിടെയുണ്ടെന്നറിഞ്ഞാലും അന്വേഷിച്ചുപോയി വാങ്ങും. ചെങ്കദളിയും കിളിച്ചുണ്ടനുമൊക്കെ കേരളത്തിന്റെ പല ഭാഗത്തുനിന്നു കൊണ്ടുവന്നതാണ്. വംശനാശത്തിൽ മണ്ണടിഞ്ഞ നാടൻ ഇനങ്ങളായ ഒറ്റമുങ്ഗ്ലി, കരിങ്കദളി, സൂര്യകദളി തുടങ്ങിയവയും വിനോദിന്റെ തോട്ടത്തിലുണ്ട്.
ലേഡി ഫിംഗർ, ബ്ലു ജാവ, റെഡ് ബനാന തുടങ്ങി വിദേശ വാഴകളും കുലയും ഇവിടെ കണ്ടാസ്വദിക്കാം. വാഴപ്പഴം എന്നാണ് പൊതുചൊല്ലെങ്കിലും നിറം, വലിപ്പം, രൂപം, തൂക്കം എന്നിവയിലെല്ലാം വ്യത്യസ്തമാണ് ഓരോ ഇനവും.
പതിനാലടി ഉയരമുള്ള അസം വാഴയും നാലടി ഉയരത്തിൽ കുലയ്ക്കുന്ന ജഹാജിയും കന്യാകുമാരിയിൽ നിന്നുള്ള സുഗന്ധം പരത്തുന്ന മനോരജ്ഞിതവും വിനോദിന്റെ ശേഖരത്തിലുണ്ട്. ഈ വിശേഷാൽ കൃഷി തോട്ടത്തിന് പ്രത്യേകമായ ഒരു ഘടനയുണ്ട്.
ആദായവും വിൽപനയും ലക്ഷ്യമാക്കി വൻതോതിലുള്ള കൃഷിയിൽ പ്രധാനം ഏത്തവാഴയാണ്. അതിനാൽ നന്നായി ഏത്തനു വളംകൊടുക്കും. ഏത്തവാഴയിൽ ഓണവിപണിയാണ് ലക്ഷ്യം. എല്ലാ മാസവും കുല കിട്ടാൻ പാകത്തിൽ രണ്ടാമത്തെ കൃഷിയിൽ പാളയംകോടൻ, ഞാലിപ്പൂവൻ, പൂവൻ തുടങ്ങിയവ കാര്യമായ വളപ്രയോഗമില്ലാതെ നടും.
ഈ കൃഷിയിൽ കുല മാത്രമല്ല ദിവസവും ഇലയും വെട്ടാനാവും. വിൽക്കാൻ പാകത്തിൽ ദിവസവും കുലയും കാണും. മൂന്നാമത്തെ കൃഷിയാണ് ഇനങ്ങളെ സംരക്ഷിക്കാനും പുതിയ ഇനം നടാനുമുള്ള ഇടം. അപൂർവം ഇനത്തിലുള്ള വാഴകളുടെ കുലകൾ വിവിധ പ്രദർശനങ്ങളിലേക്ക് കൊടുക്കും.
കാർഷികമേളകളിൽ കേരളം കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത നൂറു കണക്കിന് കുലകൾ പ്രദർശിപ്പിക്കാൻ ഇദ്ദേഹത്തിന് സാധിക്കുന്നു. വാഴപ്പഴംകൊണ്ട് വിശേഷാൽ പായസം തയാറാക്കാനും വിനോദിനു നല്ല കൈപ്പുണ്യമുണ്ട്. ലഭ്യമായ തോതിൽ വാഴക്കന്നുകൾ ആവശ്യക്കാർക്ക് വിൽക്കുന്നുമുണ്ട്. താൻ സ്വന്തമായി ഒരു വാഴപ്പഴ രാജ്യം സ്ഥാപിച്ചു എന്നാണ് വിനോദ് അഭിമാനത്തോടെ പറയുന്നത്.
ട്രിച്ചിയിലെ നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാനയുടെ പ്രോഗ്രസീവ് ഫാർമർ പുരസ്കാരവും വിനോദിനു ലഭിച്ചിട്ടുണ്ട്. വാഴ കൂടാതെ 150 തെങ്ങുകളും നല്ല കായ്ഫലം തരുന്നുണ്ട്. സഹായികളില്ലാതെ അച്ഛനും മകനും തനിയെ കൃഷി ചെയ്യുന്നതിനാൽ കൂലിച്ചെലവ് അധികമല്ല.
വളപ്രയോഗമൊക്കെ കഴിഞ്ഞ് കുറഞ്ഞത് വർഷത്തിൽ ലക്ഷം രൂപ ലാഭമുണ്ടെന്നു വിനോദ് അഭിമാനത്തോടെ പറയുന്നു.
ഫോണ്: 9446401615














