കാർഷികം വാർത്തകൾ

മ​ല​മു​ക​ളി​ലെ ചെ​റു​നാ​ര​ക കൃ​ഷി

കാ​ട്ടു​മൃ​ഗ​ശ​ല്യ​വും റ​ബ​ർ കൃ​ഷി​യി​ലെ അ​നി​ശ്ചി​ത​ത്വ​വും പ്ര​തി​സ​ന്ധി​ക​ളാ​യ​പ്പോ​ൾ പ​ര​ന്പ​രാ​ഗ​ത വി​ള​ക​ൾ ഉ​പേ​ക്ഷി​ച്ച് പു​തു​കൃ​ഷി​യി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ട​ക്ക​ഞ്ചേ​രി​ക്ക​ടു​ത്ത് കി​ഴ​ക്ക​ഞ്ചേ​രി പ​ട്ടേം​പ്പാ​ടം മു​ല്ല​മം​ഗ​ലം ബേ​ബി എ​ന്ന ക​ർ​ഷ​ക​ൻ.

കോ​ട്ടേ​കു​ളം പൂ​ത​ന​ക്ക​യം മ​ല​ഞ്ചെ​രി​വി​ലാ​ണ് ബേ​ബി​യു​ടെ ചെ​റു​നാ​ര​ക കൃ​ഷി. മ​ല​മു​ക​ളി​ൽ ക​വു​ങ്ങ് കൃ​ഷി ത​ന്നെ പു​തു​മ​യു​ള്ള​താ​ണ്. ഇ​തി​നൊ​പ്പ​മാ​ണ് ചെ​റു​നാ​ര​ക​ത്തെ പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​ത്. മൂ​ന്ന് ഏ​ക്ക​റി​ലു​ണ്ടാ​യി​രു​ന്ന റ​ബ​ർ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി​യാ​ണ് ക​വു​ങ്ങും നാ​ര​ക കൃ​ഷി​യും.

ഇ​തി​നാ​യി നാ​ട​ൻ തൈ​ക​ൾ​ക്കു പു​റ​മെ ആ​ന്ധ്ര​യി​ൽ​നി​ന്നും ഹൈ​ബ്രീ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട 300 ബ​ഡ് നാ​ര​ക​തൈ എ​ത്തി​ച്ചാ​ണ് കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്. തൈ​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​മാ​കും മു​ന്പെ പൂ​വി​ട്ട് കാ​യ്ക്കാ​ൻ തു​ട​ങ്ങി.

ചെ​ടി​യു​ടെ വ​ള​ർ​ച്ച​യും ക​രു​ത്തും കാ​ണു​ന്പോ​ൾ അ​ടു​ത്ത സീ​സ​ണോ​ടെ വി​ല്പ​ന​ക്കാ​യി കൂ​ടു​ത​ൽ നാ​ര​ങ്ങ വി​ള​യു​മെ​ന്നാ​ണ് ബേ​ബി​യു​ടെ പ്ര​തീ​ക്ഷ. ഇ​ന​വും പ​രി​ച​ര​ണ​വും ന​ന്നാ​കു​ന്പോ​ൾ വി​ള​വി​ലും കു​റ​വു വ​രാ​നി​ട​യി​ല്ല.

തൈ​ക​ൾ​ക്ക് നാ​ലു വ​ർ​ഷ​മാ​കുമ്പോ​ൾ ഒ​രു തൈ​യി​ൽ​നി​ന്നു​ത​ന്നെ ഒ​രു സീ​സ​ണി​ൽ 15 കി​ലോ വ​രെ നാ​ര​ങ്ങ കി​ട്ടു​മെ​ന്നാ​ണ് ക​ണ​ക്ക്. പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഒ​രു നാ​ര​ക മ​ര​ത്തി​ൽ​നി​ന്ന് എ​ണ്‍​പ​ത് മു​ത​ൽ നൂ​റ് കി​ലോ വ​രെ​യാ​കും വി​ള​വ്.

ചെ​റി​യ തോ​തി​ൽ വി​ള​വ് തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ ആ​വ​ശ്യ​ക്കാ​രു​ടെ ബ​ഹ​ള​മാ​ണെ​ന്ന് ബേ​ബി പ​റ​യു​ന്നു. എ​ത്ര​യു​ണ്ടാ​യാ​ലും ഒ​ന്നി​ച്ച് എ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വാ​ക്ക് ഉ​റ​പ്പി​ച്ച് പോ​കു​ന്ന​വ​രു​മു​ണ്ട്.

ഇ​ക്കു​റി പാ​ല​ക്കാ​ട്ടെ വേ​ന​ൽ ചൂ​ട് പു​തി​യ റെ​ക്കോ​ർ​ഡു​ക​ളി​ലേ​ക്കെ​ത്തി​യ​തി​നാ​ൽ ചെ​റു​നാ​ര​ങ്ങ വി​ല കി​ലോ​ക്ക് 250 രൂ​പ​യും ക​ട​ന്ന് കു​തി​ച്ചു. ത​മി​ഴ്നാ​ട്, ക​ർ​ണ്ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ ചെ​റു​നാ​ര​ങ്ങ മാ​ർ​ക്ക​റ്റി​ലെ​ത്തു​ന്ന​ത്.

നാ​ട്ടി​ൽ ത​ന്നെ നാ​ര​ങ്ങ കി​ട്ടു​മെ​ന്നാ​യാ​ൽ ഡി​മാ​ൻ​ഡും കൂ​ടു​മെ​ന്ന് പ​ത്ര​പ്ര​വ​ർ​ത്ത​നം, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്, പ​ശു​വ​ള​ർ​ത്ത​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ള്ള 71 വ​യ​സു​ള്ള ബേ​ബി പ​റ​യു​ന്നു. ഒ​രു​പ​ക്ഷേ, വ​ർ​ഷം മു​ഴു​വ​ൻ ഡി​മാ​ൻ​ഡു​ള്ള വി​ള​ക​ളി​ലൊ​ന്നാ​ണ് ചെ​റു​നാ​ര​ങ്ങ.

നാ​ര​ങ്ങ അ​ച്ചാ​റി​ല്ലാ​തെ സ​ദ്യ​യു​ണ്ടോ? മ​ഴ​ക്കാ​ല​ത്ത് ന​ല്ല അ​ച്ചാ​റു മാ​ത്രം മ​തി ചോ​റു​ണ്ണാ​ൻ. ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് ഏ​തു കാ​ല​ത്തും ആ​വ​ശ്യ​മു​ണ്ട് ചെ​റു​നാ​ര​ങ്ങ. അ​ങ്ങ​നെ വി​പ​ണി​യും ആ​വ​ശ്യ​ക​ത​യും പ​ഠി​ച്ചാ​ണ് ബേ​ബി​യു​ടെ കൃ​ഷി​ക​ളി​ലെ ചു​വ​ടു​വ​യ്പ്പു​ക​ൾ.

വ്യ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത്ര​യും വി​പു​ല​മാ​യ തോ​തി​ൽ ചെ​റു​നാ​ര​ക കൃ​ഷി ന​ട​ത്തു​ന്ന ജി​ല്ല​യി​ലെ ക​ർ​ഷ​ക​രി​ൽ പ്ര​ധാ​നി​യാ​കും ബേ​ബി. കാ​ട്ടു​മൃ​ഗ​ശ​ല്യ​മി​ല്ല എ​ന്ന​താ​ണ് നാ​ര​ക​കൃ​ഷി​യു​ടെ ഹൈ​ലൈ​റ്റ് എ​ന്ന് ബേ​ബി പ​റ​യു​ന്നു.

പ​ക​ല​ന്തി​യാ​വോ​ളം പ​ണി​യെ​ടു​ത്തു​ണ്ടാ​ക്കു​ന്ന കൃ​ഷി രാ​ത്രി​യാ​യാ​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളി​റ​ങ്ങി ന​ശി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ല്ലാ​തെ അ​ന്തി​യു​റ​ങ്ങാ​മെ​ന്ന് ബേ​ബി പ​റ​യു​ന്നു. പി​റ്റേ​ന്ന് കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യാ​ലും വി​ള​ക​ൾ അ​തേ​പ്പ​ടി​യു​ണ്ടാ​കും.

ഡ്രി​പ്പ് ഇ​റി​ഗേ​ഷ​നി​ലൂ​ടെ​യാ​ണ് ജ​ല​സേ​ച​നം. വ​ലി​യ പ​രി​ച​ര​ണ​മി​ല്ലാ​തെ നാ​ര​ക തൈ​ക​ൾ വ​ള​ർ​ന്ന് പ​ന്ത​ലി​ക്കും. ബേ​ബി​യു​ടെ നാ​ര​ക​കൃ​ഷി പി​ന്തു​ട​രു​ന്ന ക​ർ​ഷ​ക​രും ഇ​പ്പോ​ൾ പ്ര​ദേ​ശ​ത്തു​ണ്ട്.

Related Posts